Thursday, December 2, 2010

കൃഷ്ണേന്ദു ഇങ്ങനെയാണ്......


ഞാനിപ്പോള്‍ ഇങ്ങനെ ഒരു കത്തെഴുതാന്‍ എന്താ കാരണമെന്ന് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവും. ഒരു പക്ഷേ ഞാനിപ്പോള്‍ അനുഭവിക്കുന്ന മാനസികവ്യഥ നിങ്ങള്‍ക്ക് തമാശയായി തോന്നുന്നത് കൊണ്ടാവാം അത്. എനിക്ക് വട്ടാണെന്ന് ഓര്‍ത്ത് നിങ്ങള്‍ ചിരിക്കുകയാണോ? അല്ല.....


കൃഷ്‌ണേന്ദു ഇങ്ങനെയാണ്.


ഈ ഒരു അവസരത്തില്‍ കത്തെഴുതാന്‍ ഇരിക്കുമ്പോള്‍ എല്ലാവര്‍ക്കും പ്രത്യേകം പ്രത്യേകം എഴുതേണ്ടതാണ്. പക്ഷേ ജന്മനാല്‍ കിട്ടിയ മടി എന്നെ അതില്‍ നിന്ന് വിലക്കുകയാണ്. എന്നെ മാത്രം സ്വപ്നം കണ്ടുറങ്ങുന്ന ഭര്‍ത്താവിനേയും അദ്ദേഹത്തിന്റെ തനിസ്വരൂപമായ മൂത്തമകളെയും എന്റെ വാശിയും ദേഷ്യവും അപ്പാടെ പകര്‍ത്തിവച്ച ഇളയമകനെയും ബുദ്ധിമുട്ടിക്കാതെ അവര്‍ക്കരികിലിരുന്ന് ഒരു മെഴുകുതിരിയുടെ പ്രകാശത്തിലാണ് ഞാനിത് എഴുതുന്നത്.


എങ്ങനെ തുടങ്ങണമെന്നറിയാതെ കുറേ നേരം ഉരുകിയൊലിക്കുന്ന മെഴുകില്‍ തൊട്ട് കളിച്ചുകൊണ്ടിരുന്നു. എന്റെ സുഹൃത്തുക്കള്‍ക്കും ശത്രുക്കള്‍ക്കും എന്നാണ് സംബോധന ചെയ്യാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ ഇപ്പോള്‍ ശത്രുക്കള്‍ എന്ന പ്രയോഗത്തിന്റെ തീവ്രത നഷ്ടപ്പെട്ടിരിക്കുകയാണെന്ന് തോന്നി. അതു കൊണ്ട് എന്റെ സുഹൃത്തുക്കള്‍ക്ക്...എന്നു മാത്രമാക്കാന്നു കരുതി.

അതില്‍ എല്ലാരും പെടുമല്ലോ?എനിക്കപ്പോള്‍ സമയമാം രഥത്തില്‍... എന്ന പാട്ട് കേള്‍ക്കണമെന്ന് തോന്നിയെങ്കിലും ഉറങ്ങിക്കിടക്കുന്ന എന്റെ മൂന്നു വാവകളെ ഓര്‍ത്ത് ഞാന്‍ ആ മോഹം വേണ്ടാന്നു വച്ചു.


ഇടയ്‌ക്കെപ്പോഴോ ഉറക്കത്തില്‍ കിടക്കയില്‍ എന്നെ പരതിയ ഭര്‍ത്താവിന്റെ കൈകള്‍ക്കിടയില്‍ ഞാന്‍ തലയിണ വച്ചപ്പോള്‍ എന്തു കൊണ്ടോ എന്റെ മനസ് ആര്‍ദ്രമായില്ല. മോനുണര്‍ന്നു ചിണുങ്ങാന്‍ തുടങ്ങിയപ്പോള്‍ അറിയാതെ എന്റെ കൈകള്‍ നൈറ്റിയുടെ ഹുക്ക് അഴിച്ചെങ്കിലും പെട്ടെന്ന് ബോധോദയം വന്നതു പോലെ ഞാന്‍ പാല്‍ക്കുപ്പിയെടുത്ത് ആ ഇളം ചുണ്ടുകള്‍ക്കിടയില്‍ തിരുകിവച്ചു. ചൂടും രുചിയും നഷ്ടപ്പെട്ടത് ഉറക്കത്തിലായത് കൊണ്ടാവാം അവന്‍ അറിഞ്ഞില്ല.


നിങ്ങള്‍ക്കിപ്പോള്‍ അതിശയം തോന്നുന്നില്ലേ കൃഷ്‌ണേന്ദു എന്തേ ഇങ്ങനെയാവാനെന്ന്?


സമയം കടന്നു പോകുന്നു. എന്തൊക്കെയോ പറയാനുണ്ട്. പണ്ടേ എനിക്കു വലിച്ചു നീട്ടി എഴുതുന്നത് ഇഷ്ടമല്ല. ആറ്റിക്കുറുക്കി എഴുതി റാങ്ക് വാങ്ങിയ സര്‍ട്ടിഫിക്കറ്റ് അലമാരക്കുള്ളില്‍ ഭദ്ര്മായി ഇരിപ്പുണ്ടാവുമെന്ന് ഞാനോര്‍ത്തു. ഡിഗ്രിക്‌ളാസില്‍ എന്റെ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഞാന്‍ വാങ്ങിയ മാര്‍ക്ക് ഇതു വരെ ആരും തിരുത്തിയിട്ടില്ലെന്ന് ഞാനെപ്പോഴും അഹങ്കാരത്തോടെ ഓര്‍ക്കാറുണ്ട്.


എങ്കിലും ഞാനൊന്നുമായില്ല, എനിക്കു പിമ്പേ കടന്നു വന്നവര്‍ക്കു വഴിമാറി ഞാന്‍ ഓരത്ത് കിട്ടാത്തതെന്തിനോ വേണ്ടി കാത്തിരുന്നു.


കിട്ടാത്തതൊന്നും നമുക്കുള്ളതല്ലെന്ന് ഭഗവത് ഗീത വായിച്ച് മനപ്പാഠമാക്കിയെങ്കിലും പലപ്പോഴും ആ വാക്കുകള്‍ക്ക് മുന്നില്‍ മനസ് പിണങ്ങി നിന്നു. ചുമരില്‍ തറച്ചിരുന്ന ഗീതോപദേശ രൂപത്തില്‍ ചമ്മട്ടിയും പിടിച്ചിരുന്ന കൃഷ്ണന്‍ ഇടയ്ക്ക് കണ്ണുരുട്ടി കാണിച്ചതൊക്കെ കണ്ടില്ലെന്ന് നടിച്ചു.


ഗ്രാനൈറ്റ് പതിച്ച വെറും നിലത്ത് കറങ്ങുന്ന ഫാനിനെ നോക്കി കിടന്നപ്പോള്‍ കടന്നു വന്ന വഴിത്താരകളുടെ അവ്യക്തമായ രേഖാചിത്രം മനസിലൂടെ കടന്നു പോയി. സ്‌കൂള്‍, കോളേജ്, സുഹൃത്തുക്കള്‍, നാട് ഒക്കെ ഒന്നുകൂടി കാണണമെന്ന് തോന്നിയപ്പോള്‍ അവയുടെയൊന്നും പടം എടുത്തു സൂക്ഷിക്കാത്തതില്‍ ആദ്യമായി ഇച്ഛാഭംഗം തോന്നി.


ചുമര്‍കേ്‌ളാക്കിലെ കിളി നാല് പ്രാവശ്യം ചിലച്ചപ്പോള്‍ ഞാന്‍ പരിഭ്രാന്തിയോടെ ചാടിയെഴുന്നേറ്റു. കൈയില്‍ കിട്ടിയ ഗുളികകള്‍ എണ്ണം പോലും നോക്കാതെ വാരി വിഴുങ്ങി വെള്ളം കുടിച്ചിട്ട് ഈ ലോകത്തെ എന്റെ ഏക സമ്പാദ്യങ്ങളായ മൂന്ന് പേരുടെ അടുക്കല്‍


ചെന്നു കിടന്നപ്പോള്‍ മേശപ്പുറത്ത് അപൂര്‍ണ്ണമായ കത്ത് കണ്ടു. പക്ഷേ അപ്പോള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത വിധം എന്റെ വിരലുകള്‍ തളര്‍ന്നു കഴിഞ്ഞിരുന്നു.


ഇപ്പോള്‍ എന്തേ ഇങ്ങനെ ചിന്തിക്കാനെന്ന് നിങ്ങള്‍ ചോദിക്കരുത്.


എനിക്കതിന് ഒരുത്തരമേയുള്ളൂ;


കൃഷ്‌ണേന്ദു ഇങ്ങനെയാണ്്......