Thursday, April 29, 2010

തന്റെതല്ലാത്ത കാരണത്താല്‍........


കണ്ണാടിയില്‍ നോക്കി മുടി ചീകുമ്പോള്‍ ഞായറാഴ്ചയായിട്ടും ഓഫീസില്‍ പോകേണ്ടി വന്നതിന്റെ ആലസ്യം മുഖത്ത് നിറഞ്ഞു നില്‍ക്കുന്നത് ഞാന്‍ കണ്ടു. ഷെല്‍ഫില്‍ പൊട്ടിനായി പരതുബോഴാണ് വരാന്തയിലിരുന്നു അമ്മ പത്രം വായിക്കുന്ന ശബ്ദം കേട്ടത്. "

തന്റെതല്ലാത്ത കാരണത്താല്‍ വിവാഹബന്ധം വേര്‍പെടുത്തിയ നായര്‍ യുവാവ്‌, 31 വയസ്, സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍."

അത് കേട്ടിലെന്നു ബോധപൂര്‍വം നടിച്ചു ഞാനെന്റെ ഐ ഡി കാര്‍ഡ് തിരഞ്ഞു. തിടുക്കത്തില്‍ പോകാനിരങ്ങിയപ്പോള്‍ നമുക്കിയാളെ ആലോചിച്ചാലോ എന്നമ്മ ചോദിച്ചു.

ബുദ്ധിയുള്ള ആളാണോ എന്ന് ഞാന്‍ തിരിച്ചു ചോദിച്ചപ്പോള്‍ അമ്മ എന്നെ ഒന്ന് തറപ്പിച്ചു നോക്കി. കൂടുതല്‍ സംസാരിപ്പിച്ചു അമ്മയെ ബുദ്ധിമുട്ടിപ്പിക്കാതെ ഞാന്‍ വേഗം പുറത്തേക്കിറങ്ങി. നടക്കുന്നതിനിടയില്‍ ഞാന്‍ ആലോചിച്ചത് തന്റെതല്ലാത്ത കാരണത്താല്‍ എന്ന പ്രയോഗത്തിന്റെ അര്‍ത്ഥമായിരുന്നു. ഈ പരസ്യം ഇട്ട ആളുടെ ഭാര്യയും തന്റെതല്ലാത്ത കാരണം എന്നാവില്ലേ പറയുക. അപ്പോള്‍ ശരിക്കും കാരണം എന്തായിരിക്കും?

ഒരുപക്ഷെ അനീഷും വിവാഹപരസ്യം കൊടുത്താല്‍ ഇങ്ങനെ ആവില്ലേ വയ്ക്കുക. മനപ്പൂര്‍വം മറന്ന ചിലതൊക്കെ മനസിലേക്ക് കടന്നു വന്നു. പട്ടുപാവാടയും കുപ്പിവളകളും അണിഞ്ഞു നടന്ന പെണ്‍കുട്ടിയില്‍ നിന്ന് ഐ ടി കമ്പനിയില്‍ പഞ്ച് ചെയ്തു കയറുന്ന ഒരു പ്രൊഫഷണലിലേക്കുളള ദൂരം എത്രയായിരുന്നു? ഞാന്‍ ഓര്‍ത്തു.

ജീവിതം വഴിത്താരകളില്‍ എവിടെയോ നഷ്ട്ടപ്പെട്ടത്‌ ഞാന്‍ അറിഞ്ഞില്ല. കരയാന്‍ മറന്നിട്ടു വര്‍ഷങ്ങളായെന്ന് ഞാന്‍ അഭിമാനത്തോടെയാണ് ഓര്‍മിച്ചത്‌. വീണ്ടും ഒരിക്കല്‍ കൂടി താലി അണിയാന്‍ എല്ലാവരും നിര്‍ബന്ധിക്കുമ്പോള്‍ എന്റെ മനസിന്‌ യോജിക്കുന്ന ഒരാള്‍ വരട്ടെ എന്ന് പറഞ്ഞു ഒഴിയുന്നത് സത്യത്തില്‍ പേടിയായിട്ടാണ്.

വിവാഹത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം ഓര്‍മ വരുന്നത് ശരീരത്തിലെ മുറിവിന്റെ പാടുകളാണ്. പിന്നീടു കട്ടിലിന്റെ കാല്‍ക്കല്‍ കെട്ടിയിട്ടപ്പോള്‍ കരഞ്ഞു തീര്‍ത്ത രാത്രികളും. എന്റെ മകളുടെ ജീവിതം തകര്‍ന്നല്ലോ എന്നമ്മ വിഷമിക്കുമ്പോള്‍ ഞാന്‍ ഓര്‍ക്കും കുറച്ചു നാളത്തെ ആ ജീവിതമാണ്‌ എന്നെ എല്ലാത്തിനെയും ലാഹവത്തോടെ കാണാന്‍ പഠിപ്പിച്ചത്, ചിരിക്കാന്‍ പഠിപ്പിച്ചത്, തമാശ പറയാന്‍ പഠിപ്പിച്ചത്. അനീഷിനോടുള്ള വാശിയാണ് എന്നെ ജീവിക്കാന്‍ പ്രേരിപ്പിച്ചത്. അത് കൊണ്ട് തന്നെ അനീഷിനോട് ജീവിച്ച നാളുകള്‍ ഒരു നഷ്ടമായി എനിക്ക് തോന്നിയിട്ടില്ല. ഒരിക്കല്‍ പ്രണയിച്ചു പോയത് തെറ്റാണെന്നു തോന്നിയിട്ടില്ല, പക്ഷെ അത് അയാളെ ആയതില്‍ വിഷമമുണ്ട്.

ബാഗിനുളില്‍ നിന്ന് "കൃഷ്ണ നീ ബേഗനേ..." കേട്ടപ്പോള്‍ ചൂട് പിടിച്ച ചിന്തകള്‍ തെല്ല് തണുത്തു. ജ്യോതിയാണ് വിളിച്ചത്, അവളുടെ പ്രണയത്തെ എതിര്‍ത്ത് വീട്ടുകാര്‍ വേറെ കല്യാണം ഉറപ്പിചിരിക്കുന്നതിനെ പറ്റി വിഷമം പറയാനാണ് വിളിക്കുന്നത്‌. സ്വപ്‌നങ്ങള്‍ എപ്പോഴും സ്വപ്‌നങ്ങള്‍ ആയിരിക്കുന്നതാണ് നല്ലതെന്നും യാഥാര്‍ത്ഥ്യമായാല്‍ അതിന്റെ സൌന്ദര്യം നഷ്ട്ടപെടുമെന്നും അവളോട്‌ പറഞ്ഞു ഞാന്‍ ജ്യോതിയെ വൃഥാ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ഫോണ്‍ ഓഫ്‌ ചെയ്തു ബാഗില്‍ ഇട്ടപ്പോള്‍, അകലെ നിന്ന് ബസ്‌ വരുന്നത് കണ്ടു.

ഓടി കയറി സീറ്റില്‍ ഇരുന്നപ്പോള്‍ വ്യെത്യസ്തമായ ഒരു റിംഗ് ടോണ്‍ കേട്ടു; " മംഗല്യം തന്തു നാ ദേന മമ ജീവന .......". ഞാന്‍ ഓര്‍ത്തു ഇപ്പോഴും അമ്മ പത്രത്തില്‍ തന്റെതല്ലാത്ത കാരണത്താല്‍ വിവാഹബന്ധം വേര്‍പെടുത്തിയ നായര്‍ യുവാക്കളെ തിരയുകയയിരിക്കാം.

Monday, April 19, 2010

തരൂരും പാപ്പിയും പിന്നെ സനിലേട്ടനും.........


ശശി തരൂര്‍ രാജി വച്ചതിന്റെ പിറ്റേ ദിവസം, സ്വതവേ ബഹളമയമായ ഞങ്ങളുടെ ഓഫീസ്റൂം അന്ന് ശാന്തമായിരുന്നു. അത് തരൂര്‍ രാജി വച്ചതിന്റെ വിഷമം കൊണ്ടല്ല, അവിടെ സ്ഥിരം ബഹളം വയ്ക്കുന്ന എനിക്ക് അന്ന് വയ്യാതിരുന്നത്‌ കൊണ്ടാണ്. എന്റെ സഹപ്രവര്‍ത്തകരില്‍ പാപ്പി എന്ന് അറിയപ്പെടുന്ന പ്രവീണിന് ശശി തരൂരിനോട് കടുത്ത ആരാധനയാണ്. അത് കൊണ്ട് തന്നെ തരൂര്‍ പോകുന്നതിന്റെ വിഷമം അവന്റെ മുഖത്ത്കാണാമായിരുന്നു. രാജകീയമായി വിളിച്ചു വരുത്തിയിട്ട് അപമാനിച്ചു വിട്ടു എന്നൊക്കെപറഞ്ഞു ഞാന്‍ അവനെ ആശ്വസിപ്പിക്കാന്‍ (പ്രകോപിപ്പിക്കാന്‍) ശ്രമിച്ചു. അങ്ങനെ ഇരിക്കെ ഞങ്ങളുടെ എല്ലാം സഹോദരനും വഴികാട്ടിയുമായ സനിലേട്ടന്‍ എന്ന് ഞങ്ങളൊക്കെ വിളിക്കുന്ന സനില്‍ ഷാ കടന്നു വന്നു. ശശി തരൂരിനെ പറഞ്ഞു വിട്ടപ്പോള്‍ നിങ്ങള്‍ക്കൊക്കെ തൃപ്തിയായല്ലോ എന്ന് സനിലേട്ടന്‍ വന്നപാടെ ചോദിച്ചു. സനിലേട്ടാ, തരൂര്‍ പോയതില്‍ പ്രവീണ്‍ വലിയ വിഷമത്തിലാ; ഞാന്‍ തമാശ രൂപേണ പറഞ്ഞു. വാക്കുകള്‍ ഒരു വെടിക്കെട്ടിന് തിരി കൊളുത്തുകയാണെന്നു ഞാന്‍ അറിഞ്ഞില്ല. സനിലേട്ടന്‍ തരൂരിനെഎതിര്‍ത്ത് എന്തൊക്കെയോ പറഞ്ഞു. സത്യം പറഞ്ഞാല്‍ ഞാന്‍ ശ്രദ്ധിച്ചില്ല. പാപ്പി ഏറ്റു പിടിച്ചു, പിന്നെ ഞങ്ങള്‍ക്ക് അതൊരു കാഴ്ചയായിരുന്നു.
"സനിലേട്ടാ, ശശിജിക്ക് ക്രിക്കറ്റിനോട് ഭയങ്കര ക്രൈസാണ് അപ്പോള്‍ കേരളത്തിന്‌ സ്വന്തമായി ഒരു ടീം വേണമെന്ന്ആഗ്രഹം തോന്നി അത് തെറ്റാണോ? " പാപ്പിയുടെ നിര്‍ദോഷമായ സംശയം ഇതായിരുന്നു.
"അതിനു സുനന്ദയുടെ പേരില്‍ എഴുപതു കോടിയുടെ ഷെയര്‍ എന്തിനാ? " സനിലേട്ടന്റെ ചോദ്യത്തില്‍ പക്ഷെപാപ്പി പതറിയില്ല.
" അത് സനിലേട്ടാ, നമ്മുടെ അമ്പലത്തില്‍ ഒരു ആനയെ വാങ്ങുന്നു അല്ലെങ്കില്‍ അന്നദാനം നടത്തുന്നു അപ്പോള്‍നമ്മള്‍ ഒരു പങ്കു അച്ഛന്റെ പേരില്‍ കൊടുക്കുന്നു. അത് പോലെ അല്ലെ ഇതും, അദ്ദേഹം കാമുകിയുടെ പേരില്‍ഷെയര്‍ ഇട്ടു അത്രയേയുള്ളൂ ." പാപ്പി ആവേശത്തോടെ പറഞ്ഞു നിര്‍ത്തി.
കാമുകി അല്ല സുഹൃത്ത്‌, ഇടയ്ക്കു ഞാന്‍ ഓര്‍മിപ്പിക്കാന്‍ മറന്നില്ല.
" എനിക്കും നിനക്കുമൊക്കെ നിക്ഷേപിക്കാന്‍ അവകാശമുണ്ട്‌ പക്ഷെ മന്‍മോഹന്‍ സിങ്ങിനും ശശിതരൂരിനുമൊന്നും അവകാശമില്ല. അവരൊക്കെ ജന പ്രതിനിധികളാണ്. അവര്‍ അതൊക്കെ ചെയ്യുമ്പോള്‍ അഴിമതി, കുംഭകോണം എന്നൊക്കെ പേരിടാം. " സനിലേട്ടന്‍ പറഞ്ഞു.
തര്‍ക്കം മുറുകി തുടങ്ങി (വിശധീകരിക്കുന്നില്ല, എനിക്ക് ഇനിയും ഓഫീസില്‍ പോകണം എന്നുണ്ട് ). ഞാന്‍നോക്കിയപ്പോള്‍ എന്റെ സുഹൃത്ത്‌ മൃദുല കസേരയില്‍ ചാരി കിടന്നു ചിരിക്കുന്നു. സ്വതവേ ചിരിക്കാന്‍ബുദ്ധിമുട്ടുള്ള അനുരാജിന്റെ മുഖത്തും ചിരി പടരുന്നു.
" യു എന്നില്‍ ആയിരുന്നപ്പോള്‍ ശശിജി എന്തൊക്കെ ചെയ്തു, അദ്ദേഹം ഇല്ലായിരുന്നെങ്ങില്‍ സോമാലിയക്ക്‌ എന്ത്സംഭവിക്കുമായിരുന്നു.......??" പാപ്പിയുടെ ആവേശത്തിന് യാതൊരു കുറവുമില്ലായിരുന്നു.
"സന്ദേശം സിനിമയില്‍ ശ്രീനിവാസന്‍ പറയുന്നത് പോലെ ഇരിക്കുന്നു, പോളണ്ടിനെ പറ്റി ഒരക്ഷരം പറയരുത്എനിക്കത് ഇഷ്ടമല്ല........." എന്റെ ആത്മഗതം അല്പം ഉച്ചത്തില്‍ ആയി പോയോ, എനിക്കറിയില്ല......

Thursday, April 15, 2010

ഇനി ഇല്ല ആ കൈനീട്ടം...........


ജീവിതത്തില്‍ ഏറെ വിലപ്പെട്ട ഒരാളുണ്ടായിരുന്നു. ഉണ്ടായിരുന്നു എന്ന് പറഞ്ഞാല്‍ ശരിയാവില്ല ഇപ്പോഴും ആ ആള്‍ തന്നെയാണ് ജീവിതത്തില്‍ ഏറെ വിലപ്പെട്ടത്‌. വിരല്‍ത്തുമ്പില്‍ ആദ്യാക്ഷരം കുറിച്ച് തന്ന നാവിന്‍തുമ്പില്‍ സ്വര്‍ണതാല്‍ വാഗ്ദേവതയുടെ അനുഗ്രഹം പകര്‍ന്നു തന്ന എന്റെ അപ്പൂപ്പന്‍, ആ അക്ഷരമാണ് ഇപ്പോഴെന്റെ ജീവനും ജീവിതവുമെന്നു അപ്പൂപ്പന്‍ അറിയുന്നുണ്ടാവുമോ?
എന്റെ ബാല്യത്തിനു അപ്പൂപ്പന്റെ കവിതകളുടെയും കഥകളിപ്പധങ്ങളുടെ ശബ്ദമായിരുന്നു. ആ മെല്ലിച്ച വിരലില്‍ പിടിച്ചാണ് ഞാനീ ലോകത്തെ പരിചയപ്പെട്ടത്‌. എനിക്ക് അപ്പൂപ്പനെന്നും ഒരു അത്ഭുതമായിരുന്നു. ഏതു വിഷയത്തെക്കുറിച്ചും ആധികാരികമായി സംസാരിക്കുന്ന അപ്പൂപ്പന്‍ എന്റെ സുഹൃത്തും വഴികാട്ടിയുമായിരുന്നു.
ഓര്‍മ വച്ച നാള്‍ മുതല്‍ എന്റെ വിഷുവിനു കര്പ്പൂരതിന്റെയും മഞ്ഞളിന്റെയും മണമാണ്. അപ്പൂപ്പന്‍ ദേവസ്വം ബോര്‍ഡിലെ ജീവനക്കാരനായിരുന്നു. ദൈവത്തിന്റെ സ്വന്തം ആള്‍ എന്ന് ഞാന്‍ അപ്പൂപ്പനെ കളിയാക്കാറുണ്ട്. എല്ലാ വര്‍ഷവും ഏപ്രില്‍ മാസത്തെ പെന്‍ഷനില്‍ ശബരിമലയില്‍ നിന്നുള്ള ഒരു കെട്ട് നോട്ടുണ്ടാവും. അതിനു മഞ്ഞളിന്റെയും കര്പ്പൂരതിന്റെയും മണമാണ്. എല്ലാ വര്‍ഷവും എനിക്ക് കിട്ടുന്ന കൈനീട്ടതിനു ആ ഗന്ധമാണ്. വേറെയാര്‍ക്കും അപ്പൂപ്പന്‍ അത് നല്കാരില്ലെന്ന തിരിച്ചറിവ് എന്നില്‍ അഹന്ത തോന്നിപ്പിച്ചിട്ടുണ്ട്.
പിന്നീടു ഒരു നാള്‍ ഒരുപാടു കൈനീട്ടങ്ങള്‍ ബാക്കിവച്ച് എന്റെ മനസ്സില്‍ സ്നേഹത്തിന്റെ ഒരു ജ്വാല കെടാതെ അവശേഷിപ്പിച്ചു ശാന്തികവാടത്തിലെ അഗ്നിയിലേക്ക് അപ്പൂപ്പന്‍ പോയി.
അത് വരെ അപ്പൂപ്പന് സന്തോഷവും സമാധാനവും കൊടുക്കാത്ത മക്കള്‍ അപ്പൂപ്പന്റെ ചലനമറ്റ ശരീരത്തിന് മുന്നിലിരുന്നു നിലവിളിക്കുന്നത് കണ്ടപ്പോള്‍ സത്യത്തില്‍ എനിക്ക് ചിരി വന്നു. മരണവീട്ടിലിരുന്നു ചിരിക്കുന്നത് അരോച്ചകമായത് കൊണ്ട് ഞാന്‍ ചിരി അമര്‍ത്തി അപ്പൂപ്പന്റെ തലക്കല്‍ ഇരുന്നു, ഇനി ഒരിക്കലും കിട്ടാതെ മഞ്ഞളിന്റെയും കര്പ്പൂരതിന്റെയും മണമുള്ള കൈനീട്ടമോര്‍ത്തു കൊണ്ട്..........


Sunday, April 4, 2010

പ്രവീണിന്റെ ചമ്മന്തി


( പോസ്റ്റ്‌ ജീവിതത്തില്‍ നിന്ന് ചീന്തി എടുത്ത ഒരേടാണ്. വക്കില്‍ ചമ്മന്തി പുരണ്ടിരിക്കുന്നു. ഇതിലെ നായകന്‍ ഒരു അക്ഷരവിരോധി ആയതു കൊണ്ട് ഇത് വായിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു............)
ഇനി കഥാനായകനെ പരിചയപ്പെടാം. പാപ്പി എന്ന് അറിയപ്പെടുന്ന പാറശാല പ്രവീണ്‍, എന്റെ പ്രിയ സുഹൃത്ത്‌ ; സഹപ്രവര്‍ത്തകന്‍ , പേരിങ്ങനെ ആണെങ്കിലും ആള്‍ നിസ്സാരക്കാരനല്ല. സിസ്ടെം അഡമിനിസ്റ്റേടാര്‍, വെബ് ടെവെലെപ്പര്‍, വെബ് ഡിസ്സയിനാര്‍, ഫോട്ടൊഗ്രാഫെര്‍, പരോപകാരി എന്നീ തസ്തികകളില്‍ അദ്ദേഹം തന്റെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്.
അങ്ങനെ ഇരിക്കെ പ്രവീണിന്റെ നാട്ടില്‍ ഉത്സവം വന്നു. ഉത്സവങ്ങള്‍ എന്നും ഹരമായിരുന്ന പ്രവീണിന് അത് ഒഴിവാക്കാന്‍ പറ്റുമോ? മൂന്നു ദിവസം ലീവെടുത്ത് പ്രവീണ്‍ നാട്ടിലേക്കു യാത്ര തിരിച്ചു. തിരിച്ചെത്തിയ പ്രവീണിന്റെ ഫോണ്‍ നിര്‍ത്താതെ ചിലച്ചു കൊണ്ടിരുന്നു. ഇടയ്ക്കിടെ വീണു കിട്ടുന്ന
സംഭാഷണശകലങ്ങളില്‍ നിന്ന് എന്തോ പന്തികേട്‌ ഞാന്‍ മണത്തു.
"അല്‍പ്പം എരിവു കൂടി എന്നല്ലേ ഉള്ളു......"
എന്നാ പ്രവീണിന്റെ ദയനീയ സ്വരം എന്റെ ശ്രദ്ധ പിടിച്ചു പറ്റി. വിഡ്ഢി ദിനമല്ലേ ആരോ പറ്റിക്കുകയാണെന്ന് ഞാന്‍ കരുതി.
"സത്യത്തില്‍ അവന്‍ ആശുപത്രിയില്‍ ആണോടാ ?"
എന്ന പ്രവീണിന്റെ അടുത്ത ചോദ്യത്തില്‍ നിന്ന് സംഗതി സീരിയെസ് ആണെന്ന് എനിക്ക് മനസിലായി. ഫോണ്‍ സംഭാഷണം അവസാനിച്ചപ്പോള്‍ കാര്യമെന്താണെന്നു ഞാന്‍ പ്രവീണിനോടു അന്വേക്ഷിച്ചു.
ഇനി ഒരല്‍പം ഫ്ലാഷ്ബാക്ക്.....
ഉത്സവം പ്രമാണിച്ച് നാട്ടിലേക്കു പോയ പ്രവീണ്‍ ഉത്സവപാച്ചകത്തിന്റെ ചുമതല ഏറ്റെടുക്കുന്നു. നാട്ടുകാര്‍ക്ക്‌ നല്കാന്‍ പ്രവീണ്‍ ഉള്‍പ്പടെയുള്ള യുവരക്തം ഇഡലിയും സാമ്പാറും ചമ്മന്തിയും ഉണ്ടാക്കി. പ്രവീണിന്റെ മാത്രം പ്രയത്നമായിരുന്നു ചമ്മന്തി. എങ്ങനെ സംഭവിച്ചതായാലും ആഹാരം കഴിച്ച ചിലര്‍ക്ക് വയറിനു അസുഖമുണ്ടായി. ഒരാള്‍ ആശുപത്രിയില്‍ അഡ്മിറ്റ്‌ ആകുകയും ചെയ്തു. അതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് പ്രവീണിന്റെ ചമ്മന്തി ആണെന്ന് കഥ പ്രചരിച്ചു.
"അല്ലാ.......ആ ചമ്മന്തി ഉണ്ടാക്കിയത് എങ്ങനെയാ ? "
ഞാന്‍ ജിജ്ഞാസയോടെ അന്വേക്ഷിച്ചു. (വിരോധമുള്ള ആരെങ്കിലും വീട്ടില്‍ വന്നാല്‍ പരീക്ഷിക്കാമല്ലോ എന്നൊരു ദുരുദേശവും ആ ചോദ്യത്തിന് പിന്നിലുണ്ട്. )
ഇനി ചമ്മന്തി ഉണ്ടാക്കിയ വിധം കഥാനായകന്റെ വാക്കുകളിലൂടെ........
"അമ്പതു തേങ്ങ ചിരകി ഗ്രൈണ്ടാരില്‍ ഇട്ടു. അമ്പതു പച്ചമുളക് ചേര്‍ത്തു. കുറച്ചു കടലയും അതിനു മുകളിലിട്ടു. ഉപ്പും ചേര്‍ത്തു അരചെടുത്തു. അപ്പോള്‍ ആരോ പറഞ്ഞു, എരിവു പോരാന്ന്.....ഒട്ടും കുറച്ചില്ല ഒരു കവര്‍ മുളകുപൊടി പൊട്ടിച്ചു അതിലേക്കു വിതറി. പുളിയില്ലല്ലോ എന്ന് അപ്പോഴാണ് ആരോ ഓര്‍മിപ്പിച്ചത്.....പിന്നെ മടിച്ചില്ല പത്തു നാരങ്ങ പിഴിഞ്ഞ് അതിലേക്കു ഒഴിച്ചു."
ഞാനിത്രയെ ചെയ്തുള്ളൂ എന്ന് പ്രവീണ്‍ പറഞ്ഞു നിര്‍ത്തി. ഞാന്‍ ഓര്‍ത്തു , മദ്യ ദുരന്തം പോലെ ചമ്മന്തി ദുരന്തം ഉണ്ടായില്ലല്ലോ ദൈവം കാത്തു എന്നലാതെ എന്ത് പറയാന്‍....
(ഇത് വായിക്കുന്ന ആര്‍ക്ക് എങ്കിലും ഈ പോസ്റ്റിന്റെ കാര്യം കാര്യം പ്രവീണിനെ അറിയിച്ചേ പറ്റു എന്ന് ഉണ്ടെങ്കില്‍ ദയവായി ആദ്യം എന്നോട് പറയുക, ഒരു ഇന്‍ഷുറന്‍സ് പോളിസി എടുക്കാനാണ്.....)